Kerala
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. 1977ല്‍ ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ചാണ് പോള്‍ ആറാമന്‍ മാർപാപ്പ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചത്. മാര്‍ ജോസഫ് പവ്വത്തിലായിരുന്നു പ്രഥമ മെത്രാന്. തുടര്‍ന്ന് മാര്‍ മാത്യു വട്ടക്കുഴിയും മാര്‍ മാത്യു അറയ്ക്കലും രൂപതയെ നയിച്ചു.
12ന് ആരംഭിക്കുന്ന ജൂബിലി വര്‍ഷത്തില്‍ ആത്മീയവും ഭൗതികവുമായ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കര്‍മപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ വൈദിക-സന്യസ്ത-അത്മായ പ്രതിനിധികളുള്‍പ്പെടുന്ന വിവിധ സമിതികളിലെ ആലോചനകളെ തുടര്‍ന്നാണ് ജൂബിലിപദ്ധതികളാവിഷ്കരിച്ചിരിക്കുന്നത്.
12 മുതല്‍ 15 വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടത്തപ്പെടുന്ന രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലിയോടെയാണ് സുവര്‍ണജൂബിലി വര്‍ഷാചരണത്തിന് തുടക്കമാകുന്നത്. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സുവര്‍ണജൂബിലിയുടെയും രണ്ടാമത് എപ്പാര്‍ക്കിയല്‍ യും ഉദ്ഘാടനം നിര്‍വഹിക്കും. മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. മുന്‍ മേലധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നൽകും.
എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ വൈദികര്‍-സന്ന്യസ്തര്‍-അത്മായരുള്‍പ്പെടെ 180 പ്രതിനിധികള്‍ പങ്കെടുക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അസംബ്ലിയുടെ സമാപനസമ്മേളനത്തില്‍ സന്ദേശം നൽകും. 17ന് രൂപതയിലെ എല്ലാ ഇടവകളിലും ജൂബിലി പതാക ഉയര്‍ത്തി ഇടവകതല ഉദ്ഘാടനം നിര്‍വഹിക്കപ്പെടുകയും ഇടവകതല ജൂബിലി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യും.
സുവര്‍ണ ജൂബിലി സ്മാരക ഭവന നിര്‍മാണ പദ്ധതി, വാസയോഗ്യ ഭവന പദ്ധതി, ചികിത്സാ പദ്ധതി, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, രൂപത ചരിത്ര ക്വിസ്, വിശുദ്ധ ഗ്രന്ഥ പഠന പരമ്പര, കുടുംബക്കൂട്ടായ്മ വാര്‍ഷികങ്ങള്‍, ഇടവക ദിനാഘോഷം, സാമുദായിക-സാംസ്കാരിക സംഗമം, സമൂഹിക ശുചിത്വവാരാചരണം, പരിസ്ഥിതി ദിനാചരണം, പൈതൃക പഠനപരമ്പര, ഭവനസന്ദര്‍ശനം തുടങ്ങി നിരവധി പദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്.
വിവിധ വിഭാഗങ്ങള്‍ക്കായുള്ള സംഗമങ്ങള്‍ രൂപതയിലെ 13 ഫൊറോനകളുടെ ആതിഥേയത്വത്തില്‍ വൈദിക-സന്ന്യസ്ത അത്മായ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തും. 30ന് കുമളിയില്‍ വിശ്വാസ ജീവിതപരിശീലകരുടെയും ജൂണ്‍ 16ന് കാഞ്ഞിരപ്പള്ളിയില്‍ പള്ളിശുശ്രൂഷികളുടെയും സംഗമം നടക്കും. ജൂണ്‍ 20ന് കാഞ്ഞിരപ്പള്ളിയില്‍ ലോറേഞ്ച് കണക്കന്- കൈക്കാര സംഗമവും ജൂണ്‍ 27ന് കട്ടപ്പനയില്‍ ഹൈറേഞ്ച് കണക്കന്-കൈക്കാരന് സംഗമവും നടത്തും. ഓഗസ്റ്റ് 11ന് പൊടിമറ്റത്ത് മാതൃസംഗമവും സെപ്റ്റംബര്‍ 12ന് കുട്ടിക്കാനത്ത് മദ്ബഹ ശുശ്രൂഷി സംഗമവും ഒക്ടോബര്‍ മൂന്നിന് ചെങ്കല്ലില്‍ ജീവകാരുണ്യാശ്രമ സംഗമവും നടത്തും.
ഒക്ടോബര്‍ 20ന് എരുമേലിയില്‍ രൂപത സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംഗമവും നവംബര്‍ 17ന് കാഞ്ഞിരപ്പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമവും നവംബര്‍ 24ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നവീകരണനേതൃത്വ ശുശ്രൂഷകരുടെ ഒത്തുചേരലും ഡിസംബര്‍ 19ന് കൂവപ്പള്ളിയില്‍ പ്രവാസി സംഗമവും ഡിസംബര്‍ 26ന് കട്ടപ്പനയില്‍ യുവജനസംഗമവും സംഘടിപ്പിക്കും. ഡിസംബര്‍ 30ന് കാഞ്ഞിരപ്പള്ളിയില്‍ സമുദായ- സാംസ്കാരിക സംഗമം നടത്തും.
2027 ജനുവരി 26ന് കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണജൂബിലി മഹാസംഗമം നടക്കും. ഫെബ്രുവരി 13ന് കുട്ടിക്കാനത്ത് വിദ്യാഭ്യാസ പ്രവര്‍ത്തക സംഗമവും മാര്‍ച്ച് 30ന് കുട്ടിക്കാനത്ത് രൂപതയില്‍ ശുശ്രൂഷ നിര്‍വഹിക്കുന്ന വൈദികരുടെയും മുന്‍പ് ശുശ്രൂഷ ചെയ്തവരുടെയും ഒത്തുചേരലും മേയ് നാലിന് പൊന്‍കുന്നത്ത് വൈദിക-സന്യസ്ത പ്രേഷിത സംഗമവും നടക്കും. മേയ് 12ന് കാഞ്ഞിരപ്പള്ളില്‍ നടത്തപ്പെടുന്ന ജൂബിലി സംഗമത്തോടെ രൂപത സുവര്‍ണജൂബിലി വര്‍ഷാചരണം പൂര്‍ത്തിയാകും.
പത്രസമ്മേളനത്തില്‍ സുവര്‍ണ ജൂബിലി വര്‍ഷാചരണത്തിന്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാള്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം, പാസ്റ്ററല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സെക്രട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ് കുന്നുംപുറത്ത്, രൂപത പിആര്‍ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
NRI
ന്യൂജഴ്സി: ദൈവസേവനത്തിനായി അഞ്ചു പതിറ്റാണ്ടുകൾ ജീവിതം സമർപ്പിച്ച വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾ മലങ്കര ആർച്ച്ഡയോസിസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഓൾഡ് ടാപ്പൻ, ന്യൂജഴ്സിയിൽ നടന്നു.
ആത്മീയ ചൈതന്യവും വിശ്വാസ ഐക്യവും വിളിച്ചോതിയ ഈ സംഗമത്തിൽ വിശ്വാസികളും സഭാ നേതാക്കളും സാമൂഹിക - ആത്മീയ രംഗങ്ങളിലെ പ്രമുഖരും സാന്നിധ്യം രേഖപ്പെടുത്തി.
രാവിലെ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
NRI
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ അസോസിയേഷനുകളിൽ ഒന്നായ ന്യൂയോർക്ക് ഐകെസിസിയുടെ 50-ാം വാർഷികത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് ഷിക്കാഗോ കെസിഎസ്.
ഐകെസിസി ന്യൂയോർക്ക്, തലമുറകൾക്കപ്പുറം സമൂഹ ഐക്യവും സാംസ്കാരിക അഭിമാനവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അവരുടെ സമ്പന്നമായ പൈതൃകം ലോകമെമ്പാടുമുള്ള ക്നാനായ സമൂഹങ്ങൾക്ക് പ്രചോദനമായി തുടരുന്നു.
കേരളത്തിന് വെളിയിലുണ്ടായ ഒരു ക്നാനായ അസോസിയേഷന്റെ 50-ാം വാർഷികത്തിന് പ്രാധാന്യം ഉണ്ടെന്നും ക്നാനായ കമ്യൂണിറ്റിയിൽ കൂടുതൽ സഹകരണവും ഐക്യവും കൊണ്ടുവന്ന് പുതിയൊരു നവോഥാനത്തിന് തുടക്കം കുറിക്കാൻ സാധിക്കട്ടെ എന്ന് ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ജോസ് ആനമല അറിയിക്കുകയുണ്ടായി.
ഈ ജൂബിലി ആഘോഷങ്ങളിൽ കെസിഎസ് ഷിക്കാഗോയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോസ് അനമാല ഈ മാസം 18ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ഈ ചരിത്രപരമായ നേട്ടത്തിൽ പങ്കുചേരാനും ക്നാനായ സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കാനും അദ്ദേഹം സന്നിഹിതനാകും.
സുവർണ ജൂബിലി ആഘോഷം സമൂഹ നേതാക്കളെയും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഒരുമിപ്പിക്കുന്ന മഹത്തായ സംഗമമായി മാറും. കഴിഞ്ഞ കാലത്തെ സ്മരണകളും ഭാവിയിലേക്കുള്ള പുതിയ പ്രതിജ്ഞയും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ഈ ആഘോഷം ക്നാനായ പൈതൃകത്തിന്റെ ശക്തമായ പ്രതീകമായി മാറുമെന്ന് പ്രതീക്ഷയിലാണ് സംഘാടകർ.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.
മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും ആ പ്രശ്നങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കുന്നത്തിനു വേണ്ടി വിദഗ്ധന്മാരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയാണിത്.
കൂടാതെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും ഓൺലൈൻ സുരക്ഷയെക്കുറിച്ചും അത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടതുമായ കാര്യങ്ങൾ പ്രസ്തുത പരിപാടിയിൽ ഉൾപെടുത്തിട്ടുണ്ട്.
ഡോ. കുമാര പിള്ള മുഖ്യ പ്രഭാഷണം നടത്തും. തുടർന്നു സുധിൻ ചാണ്ടി വർഗീസ് (ഐടി വിദഗ്ധൻ)ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും സംസാരിക്കും.
എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ സീനിയർ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷിജു എബ്രഹാം - 214 929 3570, നൈനാൻ മാത്യു - 214 478 6543.
District News
കട്ടപ്പന: കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്കൂള്‍ സുവര്‍ണജൂബിലി സമാപനവും സ്കൂള്‍ വാര്‍ഷികവും ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് ആയലൂപറമ്പില്‍ അധ്യക്ഷത വഹിക്കും.
മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പ്രതിഭകളെ ആദരിക്കും.26 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബ്രിജിറ്റിന് യാത്രയയപ്പ് നല്‍കും. കട്ടപ്പന വിദ്യാഭ്യാസ ഓഫീസര്‍ സി. രാജശേഖരന് സ്കൂള്‍ പത്രം പ്രകാശനം ചെയ്യും.
കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന് തോമസ് പ്രൊഫിഷന്‍സി എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. പിടിഎ പ്രസിഡന്റ് ബോബന് മാത്യു ഉപഹാരം നൽകും.
കാഞ്ചിയാര്‍ പഞ്ചായത്തഗം സണ്ണി മൂഴയില്‍, മുന്‍ ഹെഡ്മാസ്റ്റര് ഷാജി ജേക്കബ്, അധ്യാപക പ്രതിനിധി പ്രിറ്റി ജി. ടോം, പൂര്‍വ വിദ്യാര്‍ഥി തോമസ് ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യന്‍, സ്കൂള്‍ ലീഡര്‍ ആല്‍ബി റോബിന്, സീനിയര്‍ അസിസ്റ്റന്റ് പി.എം. രഞ്ജുമോള്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് ഫാ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, തോമസ് ജോര്‍ജ്, വി.സി. സിനിമോള്‍, ഷാജി ജേക്കബ്, ബോബന് പതിപ്പള്ളി എന്നിവര്‍ അറിയിച്ചു.
Kerala
തൊടുപുഴ: വൈദ്യുതോത്പാദനം പൂര്‍ണമായും പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളെ ആശ്രയിച്ചാകുന്ന കാലം വിദൂരത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
2040-ല്‍ സംസ്ഥാനം ഈ ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യം. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം പള്ളിവാസലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണ ജൂബിലി പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി ജലവൈദ്യുത പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പുനരുദ്ധാരണ പദ്ധതി ഇവയെല്ലാം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതെല്ലാം പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ സ്രോതസുകളില്‍ നിന്നുള്ള പദ്ധതിയാണ്.
സംസ്ഥാനത്തെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലില്‍ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് 30 മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള രണ്ടു ജനറേറ്ററുകള്‍ സ്ഥാപിച്ച് 60 മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കാനുള്ള നടപടിക്ക് തുടക്കംകുറിച്ചത്.
2004-ല്‍ 268 കോടി മുതല്‍മുടക്ക് പ്രതീക്ഷിച്ച നിര്‍മാണം ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 595 കോടി ചെലവഴിക്കേണ്ടി വന്നു. ഇവിടെ നിന്നു പ്രതിവര്‍ഷം 154 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഇവിടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
മന്ത്രി കെ. കൃഷ്ണന്‍കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ. രാജ, എം.എം. മണി, കെഎസ്ഇബി ചെയര്മാന് ആൻഡ് മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, ജനറേഷല്‍ വിഭാഗംഡയറക്ടര് ജി. സജീവ്, ചീഫ് എന്‍ജിനിയര്‍ വി. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: 1976ൽ രൂപംകൊണ്ട ഐകെസിസി 50 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു. നോർത്ത് അമേരിക്കയിലെ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് ഒരു മഹാനഗരം മാത്രമല്ല പല സമുദായ അംഗങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ആദ്യ ഭവനം കൂടെയാണ്.
അതുവഴി ഐകെസിസിയും അവർക്ക് സുപരിചിതമാണ്. ഒരു സാമുദായിക സംഘടനയായിട്ടാണ് ഐകെസിസി രൂപം കൊണ്ടത്. അതേ ആശയത്തിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഐകെസിസി, കെസിസിഎൻഎ എന്നീ സംഘടനകളുടെ ആരംഭം മുതൽ ഇതുവരെയുള്ള നാൾ വഴികളിൽ നേതൃ സ്ഥാനത്ത് നിന്നുകൊണ്ട് നിസ്വാർഥ സേവനം കാഴ്ചവച്ച എല്ലാ നേതാക്കളുടെയും സേവനങ്ങളെ അനുസ്മരിക്കാനും ആദരിക്കാനുമായി ഏപ്രിൽ 18ന് ഐകെസിസി ഗോൾഡൻ ജൂബിലി സെലിബ്രേഷൻ നടത്തപ്പെടുകയാണ്.
അതോടൊപ്പം തന്നെ ഐകെസിസിയുടെ വിവിധ പോഷക സംഘടനകളിൽ നിന്നുള്ള കലാകാരന്മാരുടെ വൈവിധ്യങ്ങളായ കലാപരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു. പരിപാടിയിലേക്ക് അമേരിക്കയിലെ എല്ലാ ക്നാനായക്കാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ന്യൂയോർക്ക്: ഇന്ത്യൻ ക്നാനായ കാതോലിക്ക കമ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോട് അനുബന്ധിച്ച് ഏപ്രിൽ 18ന് റോക്ലാൻഡ് കമ്യൂണിറ്റി സെന്ററിൽ മെഗാ ഷോ നടത്തുന്നു.
ഗോൾഡൻ ജൂബിലി മെഗാ ഷോ കമ്മറ്റിയിലേക്ക് ജോർജ് കാനാട്ട്, നിറ്റാ കിടാരത്തിൽ, മരിയ മാക്കിയിൽ, തോമസ് തോട്ടത്തിൽ, അനൂപ് മുകളേൽ, സീന മണിമല, ജോസ് താമഠത്തിൽ, പ്രീണ വിശാഖംതറ, സൗമ്യ കോയിത്തറ എന്നിവരെ തെരഞ്ഞെടുത്തു.
കണ്ണഞ്ചിപ്പിക്കുന്നതും കാലിക പ്രസക്തവുമായ മെഗാ ഷോ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു. പരിപാടികൾക്ക് ഐകെസിസി പ്രസിഡന്റ സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Kerala
കോട്ടയം: നാം ഒരു കുടുംബം എന്ന മുദ്രാവാക്യവുമായി തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ദീപിക ബാലസഖ്യത്തിന്റെ അംഗസംഖ്യ ലക്ഷം തികഞ്ഞ സംഭവം അവിസ്മരണീയമാക്കാന്‍ പാലായില്‍ ലക്ഷം പുഷ്പമേള നടന്നിട്ട് ഇന്നലെ 50 വര്‍ഷം തികഞ്ഞു. 1976 ഫെബ്രുവരി 12നാണ് കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബാലമേളയായ ലക്ഷം പുഷ്പമേള നടന്നത്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ലക്ഷം പുഷ്പമേള ഉദ്ഘാടനം ചെയ്യാനും സന്ദേശം നല്കാനുമെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
ദീപികയ്ക്കും ദീപികയെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബാലസഖ്യത്തിനു പ്രധാനമന്ത്രി നല്കിയ അംഗീകാരമായിട്ടാണ് ഇന്ദിരാജിയുടെ സന്ദര്‍ശനത്തെ എല്ലാവരും കണ്ടത്. സംസ്ഥാന ഗവണ്മെന്റും രാഷ് ട്രീയ പാര്‍ട്ടികളും പാലാ നഗരസഭയും പാലായിലെ പൗരപ്രമുഖരും ലക്ഷം പുഷ്പമേളയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്, ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്, മന്ത്രിമാരായിരുന്ന കെ.എം. മാണി, ആര്. ബാലകൃഷ്ണപിള്ള തുടങ്ങി മന്ത്രസഭയൊന്നാകെ ലക്ഷം പുഷ്പമേളയ്ക്ക് എല്ലാ സഹായസഹകരണങ്ങളുമായി കൂടെ നിന്നു. ദീപികയുടെ മാനേജിംഗ് എഡിറ്റര്‍ ഫാ. കൊളംബിയറിന്റെയും ഡിസിഎൽ കൊച്ചേട്ടനായിരുന്ന ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തിലായിരുന്നു ലക്ഷം പുഷ്പമേള ആസൂത്രണം ചെയ്തത്. വെള്ള വേഷം ധരിച്ച് ത്രിവര്‍ണ പതാകയുമേന്തി ഒരുലക്ഷത്തോളം ബാലികാബാലന്മാരാണ് മേളയില്‍ പങ്കെടുത്തത്.
മധുരിക്കുന്ന ഓർമകളുമായി ജോൺ കച്ചിറമറ്റം
ലക്ഷം പുഷ്പമേളയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ജോണ്‍ കച്ചിറമറ്റത്തിന് 50 വര്‍ഷം മുമ്പു നടന്ന മഹാസമ്മേളനത്തേക്കുറിച്ച് മധുരിക്കുന്ന ഒര്മകളാണ് പങ്കുവയ്ക്കാനുള്ളത്. മാനേജിംഗ് എഡിറ്റര്‍ കൊളമ്പിയര്‍ അച്ചനും കൊച്ചേട്ടന് മാഞ്ഞൂസച്ചനുമാണ് സമ്മേളനത്തേക്കുറിച്ച് പറയുന്നത്. ജോണ്‍ ഏറ്റെടുത്ത് നടത്തണം. മേളയ്ക്കുള്ള പണം സ്വന്തമായി സ്വരൂപിക്കണമെന്നും പറഞ്ഞു. പ്രമുഖയായ ഒരു വ്യക്തിയെ സമ്മേളനത്തില്‍ കൊണ്ടുവരണമെന്ന ഒറ്റ നിബന്ധനയാണ് മുന്നോട്ടു വച്ചത്. ഇതിന് പ്രകാരം ദീപിക അധികൃതരാണ് ഇന്ദിരാ ഗാന്ധിയെ സമ്മേളനത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
ഇടുക്കി ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തുമ്പോള്‍ ലക്ഷം പുഷ്പമേളയ്ക്കും പ്രധാനമന്ത്രി എത്തുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കൊട്ടുകാപ്പള്ളി തോമസ് ജോസഫ്, ജോസഫ് മൈക്കിള്‍ മണര്‍കാട്ട്, ബാബു മണര്‍കാട്ട്, ജോസഫ് ചെട്ടിപ്പറമ്പില്‍, ജോര്‍ജ് തോമസ്, കെ.ജെ. ചാണ്ടി, കെ.കെ. ജോസഫ്, കെ. കുര്യന് എന്നിവരെ പങ്കെടുപ്പിച്ച് മണര്‍കാട് ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് ചേര്‍ന്നു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ നടത്തിപ്പിലേക്ക് കൊട്ടുകാപ്പള്ളി തോമസ് ജോസഫും മണര്‍കാട് പാപ്പനും 3000 രൂപ സംഭാവന ചെയ്തു. പാലായിലെ പൗരപ്രമുഖരെ സമീപിച്ച് മൊത്തം ഒരു ലക്ഷത്തോലം രൂപ പിരിച്ചു.
പരിപാടിയുടെ വിജയത്തിനായി കേരളമൊട്ടാകെ പ്രചാരണം നടത്തി. സ്കൂളുകള്‍ കയറിയിറങ്ങി.12നു രാവിലെ ആറിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കുട്ടികള്‍ എത്തിത്തുടങ്ങി. കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസുകളും കുട്ടികളെ എത്തിക്കുന്നതില്‍ സഹായം ചെയ്തു. മുനിസിപ്പല്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ ജാഥയായി സമ്മേളന നഗരിയായ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് കുട്ടികള്‍ നടന്നു നീങ്ങി. 10 മണിയായപ്പോള്‍ സെന്റ് തോമസ് കോളജ് ഗ്രൗണ്ടു നിറഞ്ഞുകവിഞ്ഞു.
പാലാ ബിഷപ് വയലില്‍ പിതാവിനൊപ്പമാണ് ഇന്ദിരാഗാന്ധി സമ്മേളനത്തിനെത്തിയത്. ഒരോ ഡിസിഎല്‍ ശാഖയും ഓരോരോ കലാരൂപങ്ങളും വേഷവിധാനങ്ങളും ഒരുക്കി. രാവിലെ എട്ടിന് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി സമ്മേളനസ്ഥലത്ത് എത്താന്‍ മൂന്നു മണിക്കൂറുകളെടുത്തു. പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ നടക്കാതെ ഓടി. റാലിയുടെ മുന്‍ നിര കോളജ് ഗ്രൗണ്ടിലെത്തുമ്പോഴും റാലിയുടെ പകുതി ഭാഗം പോലും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പൊരിവെയിലില്‍ മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ പതാകയുമേന്തി നടന്നു നീങ്ങിയ കുട്ടികളുടെ മുഖത്ത് ക്ഷീണമൊന്നും കാണാനായില്ലായിരുന്നു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേദിയിലെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും പ്രഭാത ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുട്ടികള്‍ക്ക് ഓറഞ്ചും വെള്ളവും ഒക്കെ നല്‍കാനായി ഞാന്‍ ഓടി നടക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിലും വലുത് എനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളായിരുന്നെന്ന് ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.
അര്‍ധവൃത്താകൃതിയില്‍ സജ്ജീകരിച്ചഗ്രൗണ്ടില് വിവിധ വര്‍ണങ്ങളില്‍ വിവിധ വേഷങ്ങളില്‍ ഇരിപ്പുറപ്പിച്ച ബാലികാബാലന്മാര് സൃഷ്ടിച്ച വര്‍ണ പ്രപഞ്ചം ഏഴഴകുള്ള മഴ വില്ലിന്റെ പ്രതീതി ഉയര്‍ത്തിയത് മനസില്‍ മായാതെ നില്‍ക്കുന്നതായും ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.
Kerala
തൊടുപുഴ: വിസ്മയങ്ങളുടെ കലവറയായ ഇടുക്കി ജലവൈദ്യുതി പദ്ധതി സുവര്‍ണജൂബിലി നിറവില്‍.
കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച ഇടുക്കി ആര്‍ച്ച് ഡാം, മട്ടത്രികോണാകൃതിയിലുള്ള ചെറുതോണി ഡാം, കരിങ്കല്ലിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുളമാവ് ഡാം, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ ഉള്‍പ്പെടുന്ന ഇടുക്കി പദ്ധതി 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് നാടിന് സമര്‍പ്പിച്ചത്. ആദ്യട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ നാലിനായിരുന്നു.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. വെള്ളം കുറയുമ്പോഴും കൂടുമ്പോഴും ഉള്ളിലേക്കും പുറത്തേക്കും ചലനാത്മകതയുള്ള ഡാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയാണ് ഡാമിനുള്ളത്. കുറവന്‍-കുറത്തി പാറകളുടെ സാന്നിധ്യവും കൂടുതല്‍ മര്‍ദം താങ്ങാനുള്ള ശേഷിയും കണക്കിലെടുത്ത് ഈ ഡാം കമാന ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡാമിന് 168.9 മീറ്റര്‍ നീളമുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.464 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ചെലവഴിച്ചു. കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുടെ സാങ്കേതിക സഹകരണത്തിലാണ് അണക്കെട്ട് നിര്‍മിച്ചത്.
ഇടുക്കി വൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇടുക്കിയുടെ പ്രഥമ കളക്ടര്‍ കൂടിയായിരുന്ന ഡോ. ഡി. ബാബു പോളായിരുന്നു. അണക്കെട്ട് നിര്‍മാണത്തിന് ഗതിവേഗം പകരുന്നതിന് ഇദ്ദേഹം നല്കിയ സംഭാവന ശ്രദ്ധേയമാണ്. എന്നാല്‍ 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി പദ്ധതിയുടെ സാധ്യതകള്‍ കൃത്യമായി നിര്‍ണയിച്ചത് 1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ്.
ഇദ്ദേഹം വനത്തില്‍ നായാട്ടിന് പോയപ്പോൾ ഇടുക്കി വനത്തില്‍ കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ ദൃശ്യം സഹായിയായി ഒപ്പമുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ഗോത്രവാസിയാണ് കാണിച്ചുകൊടുത്തത്. തുടര്‍ന്നു പദ്ധതി സംബന്ധിച്ച സര്‍വേകള്‍ക്കും വിശദപഠനത്തിനും ശേഷം 1932-ല്‍ ഡാം നിര്‍മാണം സംബന്ധിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ സാധ്യത പഠിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇറ്റലിക്കാരായ ആന്‍ജലോ ഒമോദയോ, ക്ലാസിയോ മാര്‍സെലെ എന്നിവരെ നിയോഗിച്ചു. 1937-ല്‍ ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 32,280 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി.
പിന്നീട് തിരുവിതാംകൂര്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണ്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി. 1957-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു.
1961-ല്‍ നല്കിയ റിപ്പോര്‍ട്ടിന് കേന്ദ്ര ആസൂത്രണ കമ്മീഷന് 1963-ല്‍ അംഗീകാരം നല്‍കിയതോടെയാണ് ഇടുക്കി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് വഴിതുറന്നത്. 1966-ല്‍ പദ്ധതിക്ക് കാനഡ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. 1967-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു. അണക്കെട്ട് നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇതിനു ശേഷമാണ് ഡാമുകളുടെ നിര്‍മാണം ആരംഭിച്ചത്.
കുളമാവ് ഡാമിനുസമീപം നിര്‍മിച്ച ഭൂഗര്‍ഭ ടണലിലെ രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്. ഇന്‍ടേക്ക് ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമര്‍ദ ലഘൂകരണ തുരങ്കത്തിലെത്തും. തുടര്‍ന്ന് ബട്ടര്ഫ്ലൈവാല്വിലൂടെ പവര്‍ഹൗസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പെറിക്കല്‍ വാല്‍വുവഴി ആറു ജലധാരകളായി തിരിഞ്ഞ് ടര്‍ബൈനില്‍ പതിക്കുമ്പോഴാണ് ജനറേറ്ററുകള്‍ ചലിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കേബിള്‍ തുരങ്കത്തിലൂടെ സ്വിച്ച് യാര്ഡിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏഴു നിലകളിലായാണ് വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത്.
ഒന്നാം നിലയില്‍ ആറു ടര്‍ബൈനുകളും രണ്ടാം നിലയില്‍ വാട്ടര്‍ കണ്ടക്ടര്‍ സംവിധാനവും മൂന്നാം നിലയില്‍ കൂളിംഗ് സംവിധാനവും നാലാം നിലയില്‍ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും അഞ്ചാം നിലയില്‍ ട്രാന്‍സ്ഫോര്‍മറുകളും ആറാം നിലയില്‍ കണ്ട്രോള് റൂമും ഏഴാം നിലയില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനവുമാണ് പ്രവര്‍ത്തിക്കുന്നത്.
പവര്‍ഹൗസിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 85 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി പവര്‍ഹൗസിന്റെ പ്രവേശന കവാടത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് നാടുകാണി മല തുരന്നാണ്. ഇതിന്റെ നിര്‍മാണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.
പാറ പൊട്ടിച്ചതും ഇത് അടര്‍ന്നുവീഴാതെ റോക്ക് ബോള്‍ട്ട് സംവിധാനം ഒരുക്കിയതും മാപ്പിള ഖലാസികളാണ്. 110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ മുതല്‍മുടക്ക്. വൈദ്യുതി നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു. പ്രതിവര്‍ഷം 214.8 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലയത്തിനുള്ളത്. 640 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശവും 200 കോടി ഘനമീറ്റര്‍ സംഭരണശേഷിയാണ് പദ്ധതിക്കുള്ളത്.
ഈ മാസം നടക്കുന്ന സുവര്‍ണജൂബിലി ആഘോഷത്തിനായി വൈദ്യുതി ബോര്‍ഡ് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.
Kerala
കൊച്ചി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ സംഘടനയായ ഓഥേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സുവര്‍ണ ജൂബിലി പുരസ്കാരം സാഹിത്യകാരന് പ്രഫ. എം. തോമസ് മാത്യുവിന്.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളില്‍ മാര്‍ച്ച് 21 നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ സമ്മാനിക്കുമെന്ന് ഓഥേഴ്സ് എജിഐ ജനറല്‍ സെക്രട്ടറി ഡോ. എസ്.എസ്. അവസ്തി, പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ്. ജോയ്, എജിഐ കണ്‍വീനര്‍ പ്രഫ. വി.എ. വര്‍ഗീസ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
1976-ൽ സ്ഥാപിതമായ ഈ ഇടവക, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി വളർന്നിരിക്കുകയാണ്.
നിലവിൽ ഏകദേശം 500 കുടുംബങ്ങൾ ഈ ഇടവകയുടെ ഭാഗമാണ്. അമ്പത് വർഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവർണ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്രിസ്തീയ വിശ്വാസ മൂല്യങ്ങൾ, സഭയുടെ ദൗത്യം,ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.
‘Sojourners with Christ' (Faith, Hope, Mission) എന്നതാണ് സുവർണ ജൂബിലിയുടെ ഔദ്യോഗിക തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ തുടക്കം.
സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ വർഷത്തെ ആഘോഷങ്ങൾ കായിക ഇതിഹാസങ്ങളായ ഷൈനി വിത്സണും വിത്സൺ ചെറിയാനും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള 2026-2027 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.
NRI
സൂറിച്ച്: പ്രവാസലോകത്തെ വിശ്വാസതീക്ഷ്ണതയും സാംസ്കാരിക തനിമയും ഒത്തുചേര്‍ന്നപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ എഗില്‍ സീറോമലബാര്‍ സമൂഹത്തിന് ഈ വര്‍ഷത്തെ ക്രിസ്മസ് ഇരട്ടി മധുരമായി.
ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ തയ്യിലിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലിയും ക്രിസ്മസും സംയുക്തമായി ആഘോഷിച്ചത് ചരിത്രപരമായ ആത്മീയ ചൈതന്യ സംഗമവേദിയായി.
ആഘോഷങ്ങളുടെ ഹൃദയത്തുടിപ്പായി അര്‍പ്പിക്കപ്പെട്ട കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രാർഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ അദ്ദേഹം നല്കിയ സന്ദേശം വിശ്വാസികള്‍ക്ക് ആഴത്തിലുള്ള ഉള്‍ക്കാഴ്ച പകര്‍ന്നു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ജനുവരി 10ന് തുടക്കമാകും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മുതൽ 8.30 വരെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സണും വിത്സൺ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ.
ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സണും മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൺ ചെറിയാനും പങ്കെടുക്കുന്നത് സുവർണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു
ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രെഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ വിവിധ കലാ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, കരോൾ ഗീതങ്ങൾ എന്നിവയോടെയാണ് അസോസിയേഷന്റെ 50 വർഷങ്ങളുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയെന്നു സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.